മാഹിഷ്മതി സാമ്രാജ്യം.
ബാഹുബലി എന്ന സിനിമ രാജമൗലി സൃഷ്ടിച്ച ഒന്നാന്തരം ഒരു ഫാൻ്റസി തന്നെയാണ്. എന്നാൽ അങ്ങിനെ ഒരു ഫാൻ്റസിക്ക് വേണ്ടിയാണ് എങ്കിൽ പോലും ഈ സിനിമയ്ക്കായി പൗരാണിക ഭാരതത്തിലെ ജനപഥങ്ങളിൽ നിന്ന് പല കാര്യങ്ങളും അദ്ദേഹം കടമെടുത്തിട്ടുണ്ട്. അതിലൊന്നാണ് സിനിമയിലെ സാങ്കൽപ്പിക രാജ്യമായ മാഹിഷ്മതി സാമ്രാജ്യം. പുരാണ പ്രസിദ്ധമായ മാഹിഷ്മതിയുടെ യഥാർത്ഥ കഥയാണ് ഇനി ഇവിടെ പറയാൻ പോകുന്നത്.
ഉജ്ജയനിയിൽ നിന്നു മാഹിഷ്മതിയിലേക്കുള്ള യാത്ര പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നു. ഉജ്ജയനിയിൽ നിന്നുള്ള മടക്കയാത്രയിൽ ഓംകാരേശ്വറും മാഹേശ്വറും യാത്രാപദ്ധതിയിൽ ഉൾപ്പെടുത്തിയത് നർമ്മദാ നദിയെ കാണുക എന്ന ഉദ്ദേശത്തോടു കൂടിയാണ്. ഗംഗയും, യമുനയും, കാവേരിയും കണ്ടിട്ടുണ്ട് മദ്ധ്യപ്രദേശിൻ്റെ ജീവനാഡിയായി ഒഴുകുന്ന ഈ മഹാനദിയെ കൂടി അറിയാം, ഒപ്പം അതിനനുബന്ധമായ കാഴ്ചകളും കാണാം. മടക്കയാത്രയ്ക്ക് ഒരു ദിവസത്തെ മുഴുവൻ സമയം കൂടി ബാക്കിയുണ്ട് എന്നിരിക്കെ ഈ രണ്ടും ഒഴിവാക്കേണ്ട എന്ന് മനസ് ശക്തമായി പ്രഖ്യാപിച്ചു. അങ്ങിനെയാണ് ഇന്ന് മഹേശ്വർ എന്നറിയപ്പെടുന്ന മാഹിഷ്മതിയിലേക്ക് യാത്രയാരംഭിച്ചത്.
ഇൻഡോറിൽ നിന്ന് 90 കിലോമീറ്റർ അകലെ മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലാണ് മഹേശ്വർ സ്ഥിതി ചെയ്യുന്നത്. മഹിഷ്മാൻ എന്ന രാജാവാണ് മഹേശ്വർ രൂപപ്പെടുത്തിയത്. പുരാതനകാലത്ത് മഹിഷ്മതി എന്ന പേരു ലഭിക്കാൻ കാരണമായതും ഇതായിരിക്കുമെന്നു ചരിത്രകാരന്മാർ പറയുന്നു. അവന്തിയുടെ രണ്ടു ശക്തികേന്ദ്രങ്ങളായിരുന്നു ഉജ്ജയിനും മഹിഷ്മതിയും. ഉജ്ജയിൻ അവന്തിയുടെ വടക്കും മഹിഷ്മതി തെക്കുഭാഗത്തുമായാണ് സ്ഥിതി ചെയ്തിരുന്നത്.
മാഹിഷ്മതി എന്നത് പുരാണ പ്രസിദ്ധവും, പൗരാണിക ഭാരത ചരിത്രത്തിലെ ഒരു പ്രധാന രാജ തലസ്ഥാനവുമാണു.
പുരാണത്തിൽ കാർത്തവീരാർജ്ജുനന്റെ ഹേഹേയ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരമാണു മാഹിഷ്മതി. ആയിരം കൈകളുള്ള മഹാബലശാലിയായ കാർത്തവീരാർജ്ജുനൻ ഹേഹേയ കുലത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ ചക്രവർത്തിയായിരുന്നു. സാക്ഷാൽ കൈലാസത്തെ കയ്യിലെടുത്ത് അമ്മാനമാടിയ രാവണൻ പോലും ഈ ഹേഹേയ ചക്രവർത്തിയോട് ദയനീയമായി പരാജയപ്പെടുന്ന ഒരു കഥ രാമായണവുമായി ബന്ധപ്പെടുത്തി പ്രചാരത്തിലുണ്ട്. അത്ര കരുത്തനാണ് സഹസ്രബാഹു, സഹസ്രാർജ്ജുനൻ എന്നെല്ലാം പേരുള്ള കാർത്തവീരാർജ്ജുനൻ.
കാർത്തവീരാർജ്ജുനന്റെ കാലത്ത് ഭാരതഖണ്ഡത്തിലെ 21 രാജ്യങ്ങൾ മാഹിഷ്മതിയുടെ മേൽക്കോയ്മ്മ അംഗീകരിച്ചിരുന്നു. സമ്പത്ത് കൊണ്ടും സൈനീക ബലം കൊണ്ടും ഒന്നാമതായിരുന്നു മാഹിഷ്മതി എന്ന ഹേഹേയ സാമ്രാജ്യം.
കരുത്തനായ കാർത്തവീരാർജ്ജുനൻ പക്ഷേ പരശുരാമനു മുന്നിൽ പരാജയപ്പെട്ടു. പരശുരാമൻ കാർത്തവീരനെ കൊലപ്പെടുത്തി. പിന്നീട് ക്ഷത്രിയകുലത്തെയാകമാനം പരശുരാമൻ ഉന്മൂലനം ചെയ്തുവെന്നും പുരാണ പ്രസിദ്ധമാണു.
കാർത്ത വീരാർജ്ജുനനു ശേഷം മഹാഭാരത കാലത്ത് ഭാരതത്തിലെ 16 മഹാജനപഥങ്ങളിൽ ഒന്നായ അവന്തിയുടെ തലസ്ഥാനമായിരുന്നു മാഹിഷ്മതി. ഹേഹേയ രാജവംശം തന്നെയാണു അവന്തിയുടെയും അന്നത്തെ ഭരണാധികാരികൾ. പിൽക്കാലത്ത് അവന്തി രണ്ടായി പിരിയുകയും അനുപ രാജ്യത്തിന്റെ തലസ്ഥാനമായി മാഹിഷ്മതി തുടർന്നപ്പോൾ അവന്തിയുടെ തലസ്ഥാനം ഉജ്ജയിനിയായിരുന്നു.
പിന്നീടും പല കാലങ്ങളിൽ പല രാജവംശങ്ങളുടെ ഉദയാസ്തമയം കണ്ട മാഹിഷ്മതിയുടെ പേര് പിന്നീടെപ്പോളോ മഹേശ്വർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. മറാത്ത ഹോൾക്കർ രാജാക്കന്മാരുടെ കാലത്ത് 19ആം നൂറ്റാണ്ട് വരെ മാൾവ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന മഹേശ്വർ മാൾവയുടെ അഭിമാന സ്തംഭമായി ജ്വലിച്ചുയരുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്. നർമ്മദാ തീരത്തെ അതി മനോഹരമായ കോട്ട ശത്രുക്കൾക്ക് മുന്നിൽ എന്നും കീറാമുട്ടിയായി നിന്നതിന് പിന്നിൽ ആണഹങ്കാരത്തിനേക്കാൾ പെൺ കരുത്തിൻ്റെ വീര്യമുണ്ട്. ഭാരതത്തിൻ്റെ ചരിത്രത്തിൻ്റെ വീറുറ്റ ആ അദ്ധ്യായം പലർക്കും അറിയില്ല എന്നത് നമ്മടെ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ പരിമിതി മാത്രമായേ കണക്കാക്കുവാനാകൂ.
ഇനി ഒരു കഥ പറയാം. കഥയല്ല; ചരിത്രം. ഇന്ത്യ ചരിത്രത്തിലെ ധീരയായ ഒരു രാജ്ഞിയുടെ ജീവിതം.
മിക്ക ഇന്ത്യക്കാർക്കും അജ്ഞാതമായ ഒരു പേരാണ് ദേവി അഹല്യാബായ് ഹോൾക്കർ എന്നത്. 13 ഓഗസ്റ്റ് 2021 ന് അഹല്യാബായിയുടെ 226-ാം ചരമവാർഷികമാചരിക്കുകയാണ് മഹേശ്വർ കോട്ട. എല്ലാവർഷവും കോട്ടയുടെ പരിസരവാസികൾ ഇത് ആചരിച്ച് വരുന്നുണ്ട്. രണ്ടേക്കാൽ നൂറ്റാണ്ട് മുമ്പ് മരിച്ച് പോയ ഒരു സ്ത്രീയുടെ ചരമദിനം ഇന്നും ഒരു ദേശം ഓർമ്മിക്കുന്നുവെന്നത് അതിശയം തോന്നാം. എന്നാൽ അന്നത്തെക്കാലത്ത് ആണധികാരങ്ങളുടെ എല്ലാ വേലിക്കെട്ടുകളും പൊളിച്ച് കളഞ്ഞ് ദീർഘമായ 28 വർഷക്കാലം മാൾവ ഹോൾക്കർ സാമ്രാജ്യത്തെ തൻ്റെ ഭരണശാസനങ്ങൾക്ക് കീഴിൽ കൊണ്ടു നടന്ന കരുത്തുറ്റ ഒരു ഭരണാധികാരിയായിരുന്നു രാജമാതാ ദേവീ അഹല്യ ബായ് ഹോൾക്കർ. പതിനെട്ടാം നൂറ്റാണ്ടിൽ ദീർഘമായ 28 വർഷം ഒരു സ്ത്രീ ഒരു രാജ്യം ഭരിക്കുന്നത് അന്നത്തെ കാലത്തെ സാഹചര്യത്തിൽ ശരിക്കും വെല്ലുവിളി നിറഞ്ഞതും അതിശയകരവും തന്നെയായിരിക്കും. എന്നാൽ അതിലേറെ അതിശയം ആ സ്ത്രീയുടെ ജനിച്ച വളർന്ന ചുറ്റുപാടുകൾ നമുക്ക് തരും. മഹേശ്വർ കോട്ടയിലെ സഹസ്രാർജ്ജുൻ ക്ഷേത്രത്തിലെ പുരോഹിതരിൽ ഒരാളായ മുകേഷ് ദുബെ പറഞ്ഞ് തരും വരെ എനിക്കും അജ്ഞാതമായിരുന്നു ഹോൾക്കർ റാണിയായിരുന്ന ദേവി അഹല്യ ബായിയുടെ ചരിത്രം.
1725 ൽ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ ഒരു ഇടയ കുടുംബത്തിലാണ് അഹല്യാബായി ജനിച്ചത്. ധൻഗർ സമുദായത്തിൽപ്പെട്ട അവർ ആ കാലഘട്ടത്തിൽ വായിക്കാനും എഴുതാനും പഠിച്ച ചുരുക്കം ചില പെൺകുട്ടികളിൽ ഒരാളായിരുന്നു. ഇൻഡോറിലെ അന്നത്തെ ഹോൾക്കർ രാജാവായിരുന്ന മൽഹർറാവു ഹോൾക്കറിൻ്റെ മകൻ യുവരാജാവായ ഖണ്ടേറാവു ഹോൾക്കർ അഹല്യ ബായിയെ വിവാഹം ചെയ്തതോടെയാണ് അവരുടെ ജീവിതവും മാറി മറിയുന്നത്. അന്ന് അവർക്ക് പ്രായം കേവലം 8 വയസായിരുന്നു. 1754 ൽ രാജസ്ഥാനിൽ നടന്ന യുദ്ധത്തിൽ ഖണ്ടേരാവു ഹോൾക്കർ കൊല്ലപ്പെട്ടു. അഹല്യാ ബായിക്ക് 29 വയസിൽ വൈധവ്യം. 1765 ൽ രാജാവായിരുന്ന മൽഹർറാവു ഹോൾക്കർ അന്തരിച്ചതോടെ അഹല്യ ബായിയുടെ പ്രായപൂർത്തിയാകാത്ത മകനെ രാജാവാക്കി അഹല്യ ബായി താൽക്കാലികമായി റീജിയൻറ് ഭരണം ഏറ്റെടുത്തു. പക്ഷേ ദൗർഭാഗ്യവശാൽ 1767 ൽ മകനും മരണമടഞ്ഞു. അതോടെ അവകാശികളാരുമില്ലാത്ത രാജ്യഭരണം പൂർണ്ണമായും സ്വയം ഏറ്റെടുക്കേണ്ട ചുമതല അവർക്ക് വന്ന് ചേർന്നു. നാൽപത്തി രണ്ടാമത്തെ വയസിൽ മറാഠ സാമ്രാജ്യത്തിനു കീഴിലുള്ള ഹോൾക്കർ മാൾവ്വ രാജ്യത്തിൻ്റെ രാജ്ഞിയായി ദേവി അഹല്യ ബായ് അധികാരമേറി.
1761 ലെ പാനിപത്ത് യുദ്ധത്തിലെ പരാജയത്തോടെ പേഷ്വാ ഭരണത്തിലായിരുന്ന മറാഠ സാമ്രാജ്യം ദുർബലപ്പെട്ട് തുടങ്ങിയ ഘട്ടമായിരുന്നു അത്. ഗ്വാളിയോർ കേന്ദ്രീകരിച്ച് സിന്ധ്യ ഭരണകൂടവും, നാഗ്പൂരിൽ ഭോൺസിലെ ഭരണകൂടവും, ബറോഡയിലെ ഗയ്ക്ക്വാദ് ഭരണകൂടവും, ഇന്ഡോറിൽ ഹോൾക്കർ ഭരണാധികാരികളും മറാഠാ സാമ്രാജ്യത്തിൽ നിന്ന് വിട്ട് സ്വതന്ത്ര നാട്ട് രാജാക്കൻമാരായി പരിണമിച്ചിരുന്നു. ആ ഘട്ടത്തിലാണ് ഇൻഡോർ കേന്ദ്രീകരിച്ച് മാൾവാ ഹോൾക്കർ രാജ്യത്തിൻ്റെ ഭരണത്തിലേക്ക് ദേവി അഹല്യ ബായ് എത്തുന്നത്. ശത്രുക്കളുടെയും, പ്രതിസന്ധികളുടെയും ബലം വർദ്ധിക്കുന്നതിനനുസരിച്ച് അഹല്യ ബായ് യുടെ കരുത്തും ഭരണ ചാതുരിയും പതിൻ മടങ്ങ് വർദ്ധിക്കുന്നതാണ് പിന്നീട് കണ്ടത്. കൃത്യതയാർന്ന ഭരണക്രമവും, നയചാതുതിയാർന്ന നയതന്ത്രവും മാൾവയെ കരുത്തുറ്റതാക്കി. എല്ലാ ആഭ്യന്തര പ്രശ്നങ്ങളെയും, രാജ്യത്തെ അസ്ഥിരമാക്കുന്ന പ്രവർത്തനങ്ങളെയും നിർദാക്ഷിണ്യം അടിച്ചമർത്തി. രാജ്യത്തെ സാധാരണ ജനങ്ങളെ ഹൃദയത്തോട് ചേർത്ത് പിടിച്ച് നിരവധി ക്ഷേമ പ്രവർത്തനങ്ങൾ കാഴ്ചവച്ചു. ഇൻഡോറിൽ നിന്ന് പഴയ മാഹിഷ്മതിയായിരുന്ന മാഹേശ്വറിലേക്ക് അവർ തൻ്റെ രാജ്യ തലസ്ഥാനം പറിച്ച് നട്ടു. നർമ്മദാ തീരത്ത് ശത്രുക്കൾക്ക് ഒന്നും ചെയ്യാനാകാത്ത അത്രയും. കരുത്തുറ്റ കോട്ട പണിതു.
മറാഠ സാമ്രാജ്യത്തിൻ്റെ ദൗർബല്യത്തോടെ ശിഥിലമായ ഹൈന്ദവ രാഷ്ട്ര സങ്കൽപ്പത്തെ ഹോൾക്കർ രാജ്യത്തെങ്കിലും കുറച്ച് കാലത്തേക്ക് കൂടി ദീർഘിപ്പിച്ച് നിർത്താൻ റാണി അഹല്യ ബായ്ക്ക് സാധിച്ചിരുന്നു. ഗംഗോത്രി മുതൽ രാമേശ്വരം വരെയും ദ്വാരക മുതൽ ഗയ വരെയും മുഗൾ ഭരണത്തിൻ കീഴിൽ നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുന്നതിനും പുണ്യ സ്ഥലങ്ങളുടെ പഴയ പ്രതാപം പുന:സ്ഥാപിക്കുന്നതിനും, പുതിയ ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതിനും നിർമ്മിക്കുന്നതിനും അവർ നിർബാധം പണം ചെലവഴിച്ചു. ഭാരത വർഷമെന്ന സങ്കൽപ്പം അവർ ഉയർത്തിപ്പിടിച്ച ആശയമായിരുന്നു. കാശി വിശ്വനാഥ ക്ഷേത്രം ഇന്ന് കാണുന്ന തരത്തിൽ പണി കഴിപ്പിച്ചത് അഹല്യ ബായ് ആണ്. മുഗൾ ചക്രവർത്തി ഔറംഗസീബിൻ്റെ കാലത്ത് നശിപ്പിക്കപ്പെട്ട കാശി വിശ്വനാഥ ക്ഷേത്രം 111 വർഷത്തിനുശേഷം 1780 ലാണ് അഹല്യാ ബായി പുനർനിർമ്മിക്കുന്നത്. നാനാസാഹേബ് പേഷ്വ നിർമ്മിച്ച് നൽകിയ വാരണാസിയിലെ മണികർണികഘട്ടും, ദശശ്വമേധ് ഘട്ടും ഇന്ന് കാണുന്ന വിധത്തിൽ പുതുക്കിപ്പണിതത് അഹില്യാബായ് ആണ്. ഇന്ന് കാണുന്ന വിധം ദ്വാരകയെയും, ഗയയെയും പുനർനിർമ്മിച്ചതും അവർ തന്നെ. ഒരു തികഞ്ഞ ശൈവ ഭക്തയായിരുന്ന അവർ ഭാരതത്തിലെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് വാരിക്കോരി പണം ചെലവിട്ടു. സോമനാഥും, കേദാർനാഥും, ഓംകാരേശ്വറും, ത്രയമ്പകേശ്വറും ഉജ്ജയിനിയിലെ മഹാകാലേശ്വറും, രാമേശ്വരവും എല്ലാം റാണി അഹല്യ ബായിയുടെ കയ്യൊപ്പ് പതിഞ്ഞ ക്ഷേത്രങ്ങളാണ്.
കരുത്തുറ്റ വ്യാപാര കേന്ദ്രമാക്കി ഇൻ്റോർ പട്ടണത്തെ വളർത്തിയതിലും അവരുടെ പങ്ക് വലുതാണ്. മദ്ധ്യേന്ത്യയിലെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായി ഇൻ്റോർ ഇന്ന് വളർന്നത് പോലും രണ്ട് നൂറ്റാണ്ട് മുമ്പ് അഹല്യബായ് പാകിയ വാണിജ്യ അടിത്തറയിലാണ്. മാഹേശ്വറിലെ കൈത്തറി വ്യവസായമായ മാഹേശ്വരി സിൽക്കിൻ്റെ തുടക്കക്കാരിയും ദേവി അഹല്യ ബായ് ഹോൾക്കർ എന്ന രാജ്ഞി തന്നെയാണ്. 1795 ൽ തൻ്റെ എഴുപതാം വയസിൽ മരിക്കുന്നതിനിടെ അവർ ഇവിടെ നടത്തിയ പ്രവർത്തനങ്ങൾ ഒന്നും ഒരിക്കലും വിസ്മരിക്കാൻ സാധിക്കുന്നതല്ല.
മഹേശ്വറിൽ നിന്ന് മടങ്ങുമ്പോൾ ബാഹുബലിയും, കാർത്തവീരാർജ്ജുനനും സൃഷ്ടിച്ച ഫാൻ്റസിക്കും മുകളിലായിരുന്നു രാജമാതാ ദേവി അഹല്യ ബായ് ഹോൾക്കർ സൃഷ്ടിച്ച അതിശയം. ഭാരത ചരിത്രത്തിലെ നിർണ്ണായകയിടം ഉണ്ടായിട്ടും പാടിപ്പുകഴ്ത്തലുകൾ ഇല്ലാതെ പോയ അനേകം വീരേതിഹാസങ്ങളിലൊന്ന് മാത്രമാണ് ദേവി അഹല്യ ബായ് ഹോൾക്കറിൻ്റെ ജീവിതവും.
Comments
Post a Comment