മാഹിഷ്മതി സാമ്രാജ്യം . ബാഹുബലി എന്ന സിനിമ രാജമൗലി സൃഷ്ടിച്ച ഒന്നാന്തരം ഒരു ഫാൻ്റസി തന്നെയാണ്. എന്നാൽ അങ്ങിനെ ഒരു ഫാൻ്റസിക്ക് വേണ്ടിയാണ് എങ്കിൽ പോലും ഈ സിനിമയ്ക്കായി പൗരാണിക ഭാരതത്തിലെ ജനപഥങ്ങളിൽ നിന്ന് പല കാര്യങ്ങളും അദ്ദേഹം കടമെടുത്തിട്ടുണ്ട്. അതിലൊന്നാണ് സിനിമയിലെ സാങ്കൽപ്പിക രാജ്യമായ മാഹിഷ്മതി സാമ്രാജ്യം. പുരാണ പ്രസിദ്ധമായ മാഹിഷ്മതിയുടെ യഥാർത്ഥ കഥയാണ് ഇനി ഇവിടെ പറയാൻ പോകുന്നത്. ഉജ്ജയനിയിൽ നിന്നു മാഹിഷ്മതിയിലേക്കുള്ള യാത്ര പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നു. ഉജ്ജയനിയിൽ നിന്നുള്ള മടക്കയാത്രയിൽ ഓംകാരേശ്വറും മാഹേശ്വറും യാത്രാപദ്ധതിയിൽ ഉൾപ്പെടുത്തിയത് നർമ്മദാ നദിയെ കാണുക എന്ന ഉദ്ദേശത്തോടു കൂടിയാണ്. ഗംഗയും, യമുനയും, കാവേരിയും കണ്ടിട്ടുണ്ട് മദ്ധ്യപ്രദേശിൻ്റെ ജീവനാഡിയായി ഒഴുകുന്ന ഈ മഹാനദിയെ കൂടി അറിയാം, ഒപ്പം അതിനനുബന്ധമായ കാഴ്ചകളും കാണാം. മടക്കയാത്രയ്ക്ക് ഒരു ദിവസത്തെ മുഴുവൻ സമയം കൂടി ബാക്കിയുണ്ട് എന്നിരിക്കെ ഈ രണ്ടും ഒഴിവാക്കേണ്ട എന്ന് മനസ് ശക്തമായി പ്രഖ്യാപിച്ചു. അങ്ങിനെയാണ് ഇന്ന് മഹേശ്വർ എന്നറിയപ്പെടുന്ന മാഹിഷ്മതിയിലേക്ക് യാത്രയാരംഭിച്ചത്. ഇൻഡോറിൽ നിന്ന് 90 കിലോമീറ്റർ അകലെ മധ്യ...