ലക്ഷദ്വീപ് ചരിത്രവും വർത്തമാനവും.(ഭാഗം -1)
ചരിത്രം.
ചേരമാന്‍ പെരുമാളിന്റെ കാലത്താണ് ഇവിടെ കുടിയേറ്റമുണ്ടായത്. ചേരമാന്‍ പെരുമാള്‍ അറബികളായ കച്ചവടക്കാരുമായുള്ള ബന്ധത്താല്‍ മുസ്ലിമായി മതപരിവര്‍ത്തനം ചെയ്യുകയും കൊടുങ്ങല്ലൂരില്‍നിന്നു മെക്കയിലേക്ക് പോകുന്നതിനായി കടല്‍യാത്ര ചെയ്യുകയുമുണ്ടായി എന്നും വിവരമറിഞ്ഞ് അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരാനായി ബന്ധപ്പെട്ടവര്‍ അദ്ദേഹത്തെ അന്വേഷിച്ചു യാത്രചെയ്യുകയും കാറ്റും കോളും നിമിത്തം കടല്‍യാത്ര ദുഷ്‌കരമായതിനാല്‍ അവര്‍ ബങ്കാരം എന്ന ദ്വീപില്‍ ആശ്രയം തേടുകയുമുണ്ടായി. മടക്കയാത്രയിലാണ് അവര്‍ അമിനിദ്വീപും മറ്റു ദ്വീപുകളും കണ്ടെത്തുന്നത്, അവര്‍ തിരിച്ച് നാട്ടിലെത്തിയപ്പോള്‍ താമസയോഗ്യമായ ചില ദ്വീപുകള്‍ കണ്ടെത്തിയെന്ന് പുതിയ രാജാവിനെ അറിയിച്ചപ്പോള്‍ അദ്ദേഹം പ്രജകളില്‍ ചിലരെ അവിടങ്ങളില്‍ പോയി താമസിക്കാന്‍ അനുവദിക്കുകയാണ് ഉണ്ടായത്.(ചേരമാൻ പെരുമാളും പ്രജകളും ബുദ്ധമത വിശ്വാസികൾ ആയിരുന്നു.)
ദ്വീപുകളില്‍ സാമാന്യം വലുപ്പമുള്ള അമിനി, ആന്ത്രോത്ത്, കവറത്തി, കല്‍പ്പേനി, അഗത്തി എന്നീ ദ്വീപുകളില്‍ ജനങ്ങള്‍ താമസമാരംഭിക്കുകയും ചെയ്തു.പില്‍ക്കാലത്ത് ജനസംഖ്യ വര്‍ദ്ധിച്ചപ്പോള്‍ അമിനിയിലുള്ളവര്‍ കില്‍ത്താന്‍, ചെത്തലത്ത്, കടമം എന്നീ ദ്വീപുകളിലേക്ക് മാറിത്താമസിക്കുകയുണ്ടായി. 1930-ലാണ് ബിത്രദ്വീപിലേക്ക് കുടിയേറ്റമാരംഭിക്കുന്നത്. ആള്‍ത്താമസമില്ലാതിരുന്ന ബങ്കാരം ദ്വീപ് 1987 കാലത്ത് ടൂറിസ്റ്റ് കേന്ദ്രമാക്കി. ദ്വീപുകളില്‍ നടത്തിയ പുരാവസ്തു ഗവേഷണത്തില്‍നിന്നും കണ്ടെത്തിയ ഒരു കാര്യം ബുദ്ധിസത്തിന്റെ പിന്‍തുടര്‍ച്ചക്കാരാണ് ദ്വീപ് നിവാസികള്‍ എന്നാണ്. തെക്കെ ഇന്ത്യയില്‍ ബുദ്ധിസം നിലവില്‍ വരുന്നതിനു മുന്‍പ് ബുദ്ധിസം ഇവിടെ നിലനിന്നിരുന്നു എന്ന് ചരിത്രകാരന്മാര്‍ പറയുന്നു.
മലബാറുമായിട്ടുള്ള ദ്വീപുകളുടെ സാമീപ്യം മൂലം മലബാറിന്റെ സാമൂഹ്യ സാംസ്‌കാരിക പുരോഗതി ദ്വീപ് നിവാസികളെ സ്വാധീനിച്ചതായി കാണാം. ഹിന്ദുക്കളുടെ ചില ആചാരങ്ങളും രീതികളും ദ്വീപ് നിവാസികള്‍ പിന്‍തുടരുന്നതായി കാണാം. മരുമക്കത്തായ നിയമം ഇവിടെ നിലനിന്നതായി മനസ്സിലാക്കുന്നു. ബ്രിട്ടീഷുകാര്‍ 18-ാം നൂറ്റാണ്ടില്‍ അമിനിദ്വീപും 19-ാം നൂറ്റാണ്ടില്‍ മറ്റു ദ്വീപുകളും പിടിച്ചെടുക്കുന്നതിനു മുന്‍പ് മലബാറിലെ രാജാക്കന്മാരായിരുന്നു ഈ ദ്വീപുകളുടെ ഭരണകര്‍ത്താക്കള്‍. ഹസറത്ത് ഉബൈദുള്ള എന്ന സഞ്ചാരിക്ക് മുഹമ്മദ് നബി സ്വപ്നദര്‍ശനം നല്‍കുന്നു. മുഹമ്മദ് നബിയുടെ സന്ദേശവുമായി അദ്ദേഹം അറേബ്യയിലെ ജിദ്ദയില്‍നിന്നും യാത്ര തിരിക്കുന്നു. കപ്പല്‍ ഛേദം മൂലം അയാള്‍ അമിനി ദ്വീപില്‍ എത്തുകയും പ്രവാചകന്റെ സന്ദേശം ജനങ്ങളെ അറിയിക്കുകയും ചെയ്യുന്നു. അവിടെ വെച്ച് ഇസ്ലാം മതം സ്വീകരിക്കുന്നതിനായി ഒരു സ്ത്രീ തയ്യാറാവുകയും അവര്‍ക്ക് അയാള്‍ ഹമീദത്ത് എന്ന് പേരിടുകയും പിന്നീട് അവളെ വിവാഹം കഴിക്കുകയുമുണ്ടായി. അമിനിയില്‍നിന്ന് അന്ത്രോത്ത്, കല്‍പ്പേനി, കവറത്തി, അഗത്തി എന്നിവിടങ്ങളിലേക്ക് അദ്ദേഹം യാത്ര ചെയ്യുകയുണ്ടായി. ആദ്യകാലത്ത് ധാരാളം പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും പിന്നീട് മതപരിവര്‍ത്തനത്തില്‍ വിജയം വരിക്കുകയാണ് ഉണ്ടായത്.
അമിനിയില്‍, അദ്ദേഹത്തിന്റെ രണ്ടാമത്തെ വരവോടെ കൂടുതല്‍ പേര്‍ ഇസ്ലാംമതം സ്വീകരിക്കുകയുണ്ടായി. പിന്നീടയാള്‍ അന്ത്രോത്തില്‍ സ്ഥിരത്താമസമാക്കുകയുണ്ടായി. അദ്ദേഹം അന്തരിച്ചപ്പോള്‍ അന്ത്രോത്ത് ജമാമസ്ജിദ് പള്ളിക്കരികെ സംസ്‌കരിച്ചു. ഹസറത്ത് ഉബൈദുള്ള മക്ബറ ധാരാളം ആളുകള്‍ സന്ദര്‍ശിക്കാറുണ്ട്. പോര്‍ച്ചുഗീസുകാരും ഇംഗ്ലീഷുകാരും ഇന്ത്യയില്‍ വന്നുതുടങ്ങിയപ്പോള്‍ അതിന്റെ പ്രതിഫലനം ലക്ഷദ്വീപുകളിലുമുണ്ടായി. രണ്ടുപേരും ലക്ഷദ്വീപിലെ മേന്മയേറിയ കയര്‍ ഉല്‍പ്പന്നങ്ങളില്‍ ആകൃഷ്ടരായി. ധാരാളം യാത്രായാനങ്ങള്‍ ലക്ഷദ്വീപിലേക്ക് വരികയുണ്ടായി. പോര്‍ച്ചുഗീസുകാര്‍ ഓടങ്ങളില്‍ യാത്ര ചെയ്ത് കയര്‍ ഉല്‍പ്പന്നങ്ങള്‍ കൊള്ളയടിച്ചു.
വര്‍ഷംതോറും 1000 കണ്ടി കയര്‍ പോര്‍ച്ചുഗീസുകാര്‍ക്ക് നല്‍കുന്നതിനായി നിര്‍ബന്ധിച്ചപ്പോള്‍ 1525-ല്‍ കോലത്തിരി അത് നിഷേധിക്കുകയും തുടര്‍ന്ന് അല്‍ബുക്കര്‍ക്കിന്റെ പിന്‍ഗാമിയായ ഹെന്റിക്ക് ഡി മെന്‍സിസ് പോര്‍ച്ചുഗീസ് പടയെ അമിനിയില്‍ നിയോഗിക്കുകയും പോര്‍ച്ചുഗീസുകാര്‍ നേരിട്ട് ഭരണം കയ്യാളുകയും ചെയ്തു. പോര്‍ച്ചുഗീസ് ഭരണം അതിരൂക്ഷമായപ്പോള്‍ ദ്വീപുകാര്‍ തിരിച്ചടിക്കാന്‍ തുടങ്ങി. ഭക്ഷണത്തില്‍ വിഷം ചേര്‍ത്തുകൊണ്ട് ധാരാളം പോര്‍ച്ചുഗീസുകാരെ കൊന്നു. വിഷം നല്‍കിയതായ സ്ഥലത്തിന് പാമ്പിന്‍പള്ളി എന്നാണ് പേര്. 400 ഓളം ദ്വീപ് വാസികളെ കൊന്നൊടുക്കിക്കൊണ്ട് പോര്‍ച്ചുഗീസുകാര്‍ പകവീട്ടി. 1549-'50ലാണ് ഇതു സംഭവിച്ചത്.
അറയ്‌ക്കൽ - ലക്ഷദ്വീപ് ചരിത്രം
ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ 1550നോടനുബന്ധിച്ച് പറങ്കികളുടെ അതിക്രമങ്ങൾകൊണ്ട് പൊരുതികെട്ട കോലത്തിരിരാജാവ് ദ്വീപുകൾ കണ്ണൂരിലെ ആലിരാജയ്ക്ക് ആറായിരംപണം കപ്പം വാങ്ങി വിട്ടുകൊടുത്തു. മിനിക്കോയിയുമായുള്ള കച്ചവടം ഒരു സ്വകാര്യഇടപാടായി തുടങ്ങുകയും ചെയ്തു. ആലിരാജാക്കന്മാരുടെ പ്രാബല്യം വർദ്ധിച്ചതോടുകൂടി ദ്വീപുകളിൻമേലുള്ള അവരുടെ നിയന്ത്രണം ഏറിവന്നു. 1766ൽ ചിറയ്ക്കൽപ്രദേശം ഹൈദരാലിക്ക് കീഴടങ്ങിയപ്പോൾ ദ്വീപുകളുടെ സമ്പൂർണനിയന്ത്രണം ആലിരാജയ്ക്ക് കിട്ടി. ദ്വീപിലെ ജനവാസമില്ലാത്ത പ്രദേശങ്ങൾ പണ്ടാരംവകയായി ഏറ്റെടുക്കപ്പെട്ടു. രാജാവിഹിതം വർധിപ്പിക്കുകയും ചെയ്തു. കൂടാതെ തീരുവകൾ ഉയർത്തുകയും കയർക്കച്ചവടത്തിൽ കുത്തകയുണ്ടാക്കുകയും ചെയ്തു. കയറും അരിയും മാറ്റക്കച്ചവടം ചെയ്യാമെന്നായി. എന്നാൽ കയറിന്റെയും അരിയുടെയും കയറ്റുമതിക്കും, ഇറക്കുമതിക്കും പത്തുശതമാനം ചുങ്കം ചുമത്തപ്പെട്ടു. പക്ഷെ ഇത്തരം അതിക്രമങ്ങൾ ക്രമേണ കലാപത്തിലേക്ക് വഴിവയ്ക്കുകയാണ് ചെയ്തത്.
അമിനിദ്വീപിൽ നിന്നും 1753ലെ കച്ചവടസീസണിൽ കണ്ണൂരിലെത്തിയ നാല് ബോട്ടുകളികളിലൊന്ന് ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. മറ്റൊന്ന് ദ്വീപിലേക്ക് മടങ്ങിപ്പോയി. മറ്റുരണ്ടു ബോട്ടുകളിലെയും കയർ മംഗലാപുരത്ത് കൊണ്ടുപോയി ടിപ്പുവിന് വിറ്റു. ഈ വിവരണം റോബിൻസൺ രേഖപ്പെടുത്തിയിട്ടുണ്ട്.1781നു മുമ്പ്തന്നെ ലക്ഷദ്വീപ് അറയ്ക്കൽവംശത്തിന്റെ അധീനതയിൽ ആയിരുന്നു. കേരളത്തിലെ ഏക മുസ്ലിം രാജവംശം ആയിരുന്നു അറയ്ക്കൽ. 150 വർഷത്തിൽ അധികം നടന്ന പെൺഭരണം അതായത് ബീവിമാർ അധികാരത്തിലുണ്ടായിരുന്ന കാലം, വാണിജ്യ, സൈനിക രംഗങ്ങളിൽ രാംജവംശത്തിന്റെ സുവർണകാലം കൂടിയായിരുന്നു .ലക്ഷദ്വീപിന്റെ അവകാശത്തെച്ചൊല്ലി അറയ്ക്കലും, കോലത്തിരിയും തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടായിട്ടുണ്ട്. ഹൈദരാലി ലക്ഷദ്വീപും മാലിദ്വീപും അറയ്ക്കലിനെ ഏൽപ്പിച്ചുവെന്നും പറയുന്നു. ലക്ഷദ്വീപിൽ നിന്ന് നാളികേരം, കൊപ്ര, കയർ, ആമത്തോട് എന്നിവ കയറ്റുമതിചെയ്യാനുള്ള കുത്തക അറയ്ക്കൽകുടുംബത്തിനായിരുന്നു.
1784ൽ ടിപ്പുസുൽത്താനും ബ്രിട്ടീഷുകാരും തമ്മിൽ മംഗലാപുരംഉടമ്പടിയുണ്ടാക്കി. തുടർന്ന് തന്റെ വാക്കുകൾക്കെതിരെ കലാപമുണ്ടാക്കിയവരെ നേരിടാൻ അറയ്ക്കൽബീവി തീരുമാനിച്ചു. ബീവിയുടെ പ്രതിനിധികൾ ദ്വീപിലെ പ്രമുഖരുടെ വസ്തുവകകൾ കണ്ടുകെട്ടുകയും, വീടുകൾ കൊള്ളയടിക്കുകയും ചെയ്തു. എന്നാൽ ജനങ്ങൾ പടയാളികളെ കീഴടക്കുകയും, അവർ തടവുകാരെ മോചിപ്പിക്കുകയും രാജപ്രധിനിധിയെ തടഞ്ഞുവയ്ക്കുകയും ചെയ്തു. ദ്വീപുകാർക്ക് അറയ്ക്കൽവംശത്തോടുള്ള വിധേയത്വം തുടർന്നുകൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയ ടിപ്പുസുൽത്താൻ അമിനിദ്വീപുകളിലെ ചില ദ്വീപുകൾ സ്വന്തംനിയന്ത്രണത്തിൽ കൊണ്ടുവരികയും, പകരമായി ചിറയ്ക്കൽ രാജാവിന്റെ മറ്റുചില പ്രദേശങ്ങൾ ബീവിയ്ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
1795ൽ ദ്വീപുകളുടെ ആദായത്തുകയിൽനിന്നും പതിനായിരംരൂപ അറയ്ക്കൽ ബീവി ബ്രിട്ടീഷ് കമ്പനിക്ക് നൽകിയതായി രേഖകളുണ്ട്. 1799ൽ ടിപ്പുവിന്റെ സമ്പൂർണ്ണ പതനത്തെത്തുടർന്ന് ദ്വീപുകളുടെ പൂർണ്ണനിയന്ത്രണം കമ്പനി ഏറ്റെടുത്തു. 1808ൽ കണ്ണൂർരാജാവിന് നൽകേണ്ട മാലിഖാനയിൽ ദ്വീപിനെയും ഉൾപ്പെടുത്തി. തെക്കൻദ്വീപുകൾ കപ്പത്തിന് അറയ്ക്കലിനും നൽകി. 1847ൽ പ്രകൃതിക്ഷോഭംമൂലം അറയ്ക്കൽബീവിയുടെ ദ്വീപുകൾക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പതിനഞ്ചു വർഷത്തേയ്ക്ക് കപ്പം ഇളവ് ചെയ്തു കിട്ടണമെന്ന് ബീവി അപേക്ഷിച്ചു. പക്ഷെ 1854ൽ ദ്വീപുകളുടെ ചുമതല വീണ്ടും ബ്രിട്ടീഷ് കമ്പനി അധികാരത്തിൽ ഏറ്റെടുത്തു. 1861ൽ ദ്വീപിന്റെ ചുമതല ബീവിക്ക് തിരികെ വിട്ടുകിട്ടിയെങ്കിലും, കച്ചവടാവകാശങ്ങൾ പ്രയോജനപ്പെടുത്താൻ ബീവിക്ക് കഴിഞ്ഞില്ല. അതേത്തുടർന്ന് 1875ൽ കുടിശിക ഈടാക്കാൻ ദ്വീപുകളുടെ നിയന്ത്രണം വീണ്ടും ബ്രിട്ടീഷ് അധീനതയിലായി. 1895ൽ അറയ്ക്കലിന്റെ ഒരു നിർദ്ദേശമനുസരിച്ച്, കിട്ടാനുള്ള തുക മുഴുവൻ എഴുതിത്തള്ളാൻ ബ്രിട്ടീഷുകാർ തയ്യാറായി. പക്ഷെ നിർദ്ദേശത്തിലെ മറ്റൊരു നിർണ്ണായകമായ വ്യവസ്ഥ എന്നത്, ദ്വീപുകളുടെ മേലുള്ള സമസ്‍താവകാശവും ആലിരാജ (പുരുഷ ഭരണാധികാരി) ഉപേക്ഷിക്കണം എന്നും, അതിനു പ്രതിഫലമായി 23000രൂപ ആലിരാജയ്ക്കും പിന്മുറക്കാർക്കും മാലിഖാനയായി നൽകണം എന്നും ആയിരുന്നു. സുൽത്താൻപദവി പിന്തുടരുകയും ചെയ്യാം. 1908ൽ സുൽത്താന ഇമ്പിച്ചിബീവി ഭരണത്തിലിരിക്കുമ്പോൾ, നിയമയുദ്ധത്തിന്റെയും കരാർ ലംഘനങ്ങളുടെയും ഒടുവിൽ, ബ്രിട്ടീഷുകാരിൽ നിന്നും 23000രൂപ മാലിഖാൻ (പാരമ്പര്യ പെൻഷൻ) കൈപ്പറ്റി, ലക്ഷദ്വീപ് ബ്രിട്ടീഷുകാർക്ക് ഒഴിഞ്ഞുകൊടുത്തു. അങ്ങനെയാണ് ബ്രിട്ടീഷ് ഇന്ത്യൻ ഡൊമിനിക്കിന്റെ ഭാഗമായി ലക്ഷദ്വീപ് രൂപാന്തരപ്പെട്ടത്. 1956നവംബർ ഒന്നിന് കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും, കേരള ഹൈക്കോടതി നിയമാധികാര പരിധിയിലാവുകയും ചെയ്തു. ഇപ്പോഴും പ്രതിവർഷം 23,000 രൂപയാണ് കേന്ദ്രസർക്കാരിൽനിന്ന് അറയ്ക്കൽ സുൽത്താൻ വാങ്ങുന്നത്.
നാളെ വർത്തമാനം.
വിവരശേഖരണം: പരതി വായനയിൽ നിന്നും.
ലക്ഷദ്വീപ് ചരിത്രവും വർത്തമാനവും -ഭാഗം 2
ദ്വീപിലെ സാമൂഹിക ജീവിതം
ദ്വീപിലെ ജാതീയത
ദ്വീപിലെ ജാതി നടപ്പ് രീതികൾ കേരളത്തിലെ നായർ തറവാട് കളിൽ നിലനിന്നിരുന്ന ശൈലി ആണ്.ദ്വീപിൽ കൂട്ടുകുടുമ്പ വ്യവസ്ഥയാണ്.തറവാട് എന്നാണ് ആ വ്യവസ്ഥിതിയിൽ പറയുന്ന പേരു. സംരക്ഷകൻ കാരണവരും.മലബാർ കലക്‌ടർ ആയിരുന്ന വില്യം റോബിൻസൻ എഴുതിയ രേഖകളിൽ നിന്നും മനസിലാകുന്നത് ദ്വീപിലെ ആദ്യ കുടിയേറ്റക്കാർ നായരും നമ്പൂതിരിയും ആയിരുന്നു.അമിനി അന്ത്രോത് കവരത്തി എന്നീ ദീപ്പ്കൾ തറവാട് ദ്വീപുകൾ എന്നാണ് ആദ്യകാലം അറിയപ്പെട്ടിരുന്നതും.ഈ ദ്വീപുകൾ മേല്ജാതിക്കാരുടെ വാസം ആയിരുന്നു.തുടർന്ന് താഴ്ന്ന ജാതികൾ മറ്റ് ദ്വീപുകളിലും വാസം ആരംഭിച്ചു.ഈ മേല്ജാതി കീഴ്ജാതി സഹവാസം മെല്ലെ ഓരോ ആചാരത്തിനും കാരണമായി.ഇസ്‌ലാം ഒരു മുഖ്യ മതം ആയി മാറുകയോ മാറ്റപ്പെടുകയോ ചെയ്തു എങ്കിലും വ്യവസ്ഥിതികൾ തുടർന്ന് പൊന്നു. മേൽ ജാതി വിഭാഗത്തിന്റെ ( നായർ/നമ്പൂതിരി)ആളുകൾ കോയമാർ എന്ന ഉയർന്ന പദവിക്കാർ ആയി.കീഴജാതി വിഭാഗം മേലാച്ചേരികാരനും.ഇന്നും ദ്വീപിലെ പല രീതികളും പഴയ നായർ കൂട്ടുകുടുമ്പ രീതിയിൽ ആണ് തുടരുന്നത്. ജാതിയിൽ ഉയർന്ന കോയ വിഭാഗ.കാരേ കാരണവർ എന്നും വിളിച്ചിരുന്നു. ഒരു ദ്വീപിലും മേലാച്ചേരിക്കാരനായ ഖാളി ഇല്ല. ഒരു ദ്വീപിലും പ്രമുഖ പള്ളികളിലെ ഇമാമായി കോയമാർ അല്ലാത്തവർ ഇല്ല. ഇനി അവർ ഉദ്ദേശിക്കുന്ന ജാതിയിൽ നിന്നും ആളെ കിട്ടിയില്ലെങ്കിൽ പുറത്തുനിന്ന് ഒരു മുസ്ലിയാരെ കൊണ്ടുവരൽ ആണ് പതിവ്. ചില ദ്വീപുകളിൽ ജാതിയെ പ്രോത്സാഹിപ്പിക്കുന്ന ആചാരങ്ങൾ ഇപ്പോഴും നിലവിലുണ്ട്. കല്യാണത്തിന് കുട പിടിക്കൽ അങ്ങനെ ഒരാചാരമാണ്. ചില വീടുകളിൽ സന്ദർശകർക്കിരിക്കാൻ രണ്ട് തറകൾ ഉണ്ടാവും ഒന്നു മേൽജാതിക്കാർക്ക് പിന്നെ ഒന്നു കീഴ്ജാതിക്കാർക്ക്.
ജാതീയത കൃത്യമായി ഉണ്ട്.പള്ളികളിൽ ഇമാം ആയി ഉള്ളത് കോയമാർ ആണ്.സ്വജാതി ആണെങ്കിലും ആ ജാതിയിൽ തന്നെ കീഴാള നും മേലാളനും ഉള്ളത് കൊണ്ട് കല്യാണം നടക്കാത്ത കേസുകൾ ഉണ്ട്.ദ്വീപിലെ മെതിയടി സമരം നമ്മൾ കേട്ടിട്ടില്ല.ങ്ങനെ പുതിയ കാര്യങ്ങൾ നിറയെ ഉള്ള ദ്വീപ് ആണ്.
ഇവിടെ നടന്ന വർഗ്ഗ സമരങ്ങളെക്കുറിച്ച് നമ്മൾ വായിച്ചിട്ടുണ്ട് പക്ഷേ ലക്ഷദ്വീപിൽ നടന്ന അവകാശ സമരത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാവില്ല. ജാതിവ്യവസ്ഥയ്ക്ക് എതിരെ ശബ്ദങ്ങൾ ലക്ഷദ്വീപിൽ ഒരുപാട് ഉയർന്നിട്ടുണ്ട്. പി ഐ പൂക്കോയയിൽ തുടങ്ങി മെതിയടി സമരം പോലുള്ള സമരങ്ങളിലൂടെ കടന്ന് സി ടി നജ്മുദ്ദീൻ കൽപേനിയിൽ തെങ്ങുകയറ്റ തൊഴിലാളി കളുടെ കൂലി കൂട്ടിക്കൊടുക്കാൻ നടത്തിയ സമരങ്ങൾ വരെ ജാതിവ്യവസ്ഥയെ ചെറുത്ത ചരിത്രങ്ങൾ നിരവധിയുണ്ട്.
ദ്വീപിലെ ജാതി സമരങ്ങൾ
മുഴുവൻ വിശ്വാസികളും മുസ്ലിങ്ങളായിരിക്കെ എങ്ങനെ ദ്വീപുകളിൽ ജാതി വ്യവസ്ഥ വന്നു എന്ന് ശങ്കിക്കാൻ വരട്ടെ .ഹൈന്ദവ വിശ്വാസികൾക്കിടയിൽ നിലനിന്നിരുന്ന ജാതി വ്യവസ്ഥകൾക്ക് സമാനമായിരുന്നു ഇവ. അതുകൊണ്ട് തന്നെ ദ്വീപുകളിലേക്ക് കുടിയേറിപ്പാ൪ക്കാൻ എത്തിയപ്പോഴോ മതം മാറി കഴിഞ്ഞപ്പോഴോ തങ്ങളുടെ സൗകര്യത്തിന് ഈ ജാതി തിരിക്കൽ നടന്നിരിക്കാം.
ജാതി പിരമിഡിൽ സമൂഹത്തിന്റെ ഏറ്റവും മുകളിലുള്ളവ൪ കോയമാരാണ്. സമൂഹത്തിലെ പ്രമാണികൾ, ദ്വീപോടങ്ങളുടെ ഉടമസ്ഥ൪, ജന്മിമാ൪, ദ്വീപുകളിലെ പരമ്പരാഗത ആമീൻമാ൪ (ജഡ്ജ്). കൂടാതെ അറബികളുടെയും നായൻമാരുടെയും വംശപാരമ്പര്യം പേറുന്നവ൪ എന്നൊക്കെ അവകാശം സിദ്ധിച്ചവ൪. രണ്ടാമത് നിൽക്കുന്നവരാണ് മാൽമികൾ. ഓടം കോയമാരുടെതെങ്കിലും പരമ്പരാഗത നാവികരാണ് മാൽമികൾ. സമൂഹത്തിൽ കോയമാ൪ക്ക് ശേഷം ആദരിക്കപ്പെടുന്നവ൪. മൂന്നാമത്, സമൂഹത്തിലെ ഏറ്റവും അധ:സ്ഥിതരുമായിരുന്ന മേലാച്ചേരികൾ. കോയമാരുടെ എല്ലാ ജോലികളും ചെയ്യുന്ന വിഭാഗം. മുക്കുവ൪, തെങ്ങ് കൃഷി ചെയ്യുന്നവ൪, കയ൪ നി൪മ്മാണം നടത്തുന്നവ൪ മേലാച്ചേരിയിൽപ്പെടും. മിനിക്കോയ് ദ്വീപിൽ ഇത് മണിക്ക്ഫാൻ, തക്രുഫാൻ, തക്രു നാലാമതായി റവേരി.
സ്വ൪ണ്ണം ധരിക്കാൻ അവകാശം കോയ വിഭാഗത്തിലെ സ്ത്രീകൾക്കാണ്. പുരുഷൻമാ൪ക്ക് കുപ്പായം, ചെരുപ്പ്, കുട എന്നിവ ഉപയോഗിക്കാനുള്ള കുത്തക അവകാശം സമൂഹം വെച്ച് പുല൪ത്തിയിരുന്നു. അന്നത്തെ കാലത്തെ സാമ്പത്തികതയുടെ ചിഹ്നമായ ഓടിട്ട 'ഇല്ലങ്ങൾ' കോയമാരുടെതായിരുന്നു. പുറപ്പാട് (മണവാളനെ പാടി വധു ഗൃഹത്തിലെത്തിക്കുന്ന ചടങ്ങ്) വേളകളിൽ പാടാനും നേതൃത്വം നൽകുവാനും മേലാച്ചേരികൾക്ക് അവകാശമില്ല; അതിനാരും മുതിരാരുമില്ല. പക്ഷെ അവ൪ക്ക് ഒരു 'തട്ടം' (മേൽമുണ്ട്) ധരിക്കാമെങ്കിലും കോയമാരെ വഴിക്ക് കണ്ടാൽ അവ ശരീരത്തിൽ നിന്നെടുത്ത് മാറ്റി തങ്ങളുടെ ബഹുമാനം കാണിക്കണം. ചുണ്ടുകൾ വിരലുകൾ കൊണ്ട് മൂടണം. മേലാച്ചേരികളുടെ വീടുകളുടെ കല്യാണത്തിന് പാടാൻ കോയമാരെ വിളിക്കപ്പെടും. അപ്പോൾ അവ൪ക്ക് ഭക്ഷണം നൽകുക മറ്റു അതിഥികളേക്കാൾ നല്ല രീതിയിലായിരിക്കും. കാലങ്ങളായുള്ള അടിച്ചമ൪ത്തലുകൾക്കെതിരെ മേലാച്ചേരിക്കാ൪ കൊളോണിയൽ ഉദ്യോഗസ്ഥരെ സമീപിക്കുമെങ്കിലും അവ൪ കോയമാരെ പിൻതാങ്ങുകയാണ് പതിവ്.
1909: അങ്ങനെ അസ്വാരസ്യങ്ങൾ തലപൊക്കാൻ തുടങ്ങി. 25/11/1909 ൽ ദ്വീപിലേക്കെത്തിയ ബ്രിട്ടീഷ് പരിശോധന ഉദ്യോഗസ്ഥനു മുമ്പിൽ ഒരു കൂട്ട ഹരജി സമ൪പ്പിക്കാൻ വരെ ധൈര്യം കാണിക്കാൻ മേലാച്ചേരികൾ തുടങ്ങി. അതോടെ ഭരണാധികാരികൾ മേലാച്ചേരികൾക്ക് ചില അവകാശങ്ങൾ നൽകി ഉത്തരവായി. ജന്മിയുടെ മരണത്തോടെ അവ൪ക്ക് ഭുമിയുടെ അവകാശങ്ങൾ ലഭിച്ച് തുടങ്ങിയതോടെ ആത്മവിശ്വാസം വ൪ദ്ധിച്ചു.news from: shadweep's first online news portal
1913: അവരുടെ ആദ്യ പ്രതിഷേധം (ചരിത്രത്തിൽ രേഖപ്പെടുത്തിയ) ഒരു കീഴ് വഴക്കം ലംഘിച്ചുകൊണ്ട് ആരംഭിച്ചു. അവരുടെ വിഭാഗത്തിന്റെ ഒരു കല്യാണ വീട്ടിലേക്ക് കല്യാണപ്പാട്ട് പാടുവാൻ കോയമാരെ ക്ഷണിക്കാതെ മേലാചേരിക്കാ൪ ആ ക൪മ്മം നടത്തി. അതിന് കോയമാരിൽ നിന്ന് ഉടനെ പ്രതികരണം ഉണ്ടായി. ശക്തമായ കല്ലേറുണ്ടായി. വീടുകൾ നശിപ്പിക്കുകയും മേലാച്ചേരിക്കാരെ തെരെഞ്ഞു പിടിച്ച് ആക്രമിക്കുകയും ചെയ്തു. ഇതിനിടെ കോയമാ൪ക്കിടയിൽ തന്നെ ഇത്തരം ജാതി ചിന്തകൾ അനാവശ്യമെന്ന് തിരിച്ചറിഞ്ഞ് മേലാച്ചേരിക്കാരെ പിന്തുണക്കുന്നവരും ഉണ്ടായി. അന്നത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ഡബ്ല്യു റബ്‍ജോണ്‍സിന്റെ മുമ്പിൽ പരാതി എത്തിയെങ്കിലും അദ്ദേഹം കോയമാ൪ക്ക് അനുകൂലമായി നിന്നു. മോശം കാലാവസ്ഥയിൽ മാത്രം മേലാച്ചേരിക്കാ൪ക്ക് കുട ചൂടാം, ഷ൪ട്ട് ധരിക്കാം - കടലിലാവുമ്പോൾ മാത്രം. പക്ഷെ പ്രൗഡിയുടെ ഭാഗമായി ഷ൪ട്ട് ധരിക്കാൻ അനുവാദം ലഭിച്ചില്ല. പാട്ട് പാടാം മേലാച്ചേരികളുടെ സ്വന്തം വീട്ടിൽ മാത്രം. അതോടെ മേലാച്ചേരിക്കാ൪ കോയമാരുടെ ജോലിയിൽ നിസ്സഹകരണം പ്രഖ്യാപിച്ചു. ഈ വിധിക്കെതിരെ കോഴിക്കോട് ബ്രിട്ടീഷ് കോടതിയിൽ അപ്പീൽ സമ൪പ്പിക്കപ്പെട്ടു. 1920 വരെ ആ കേസ് കോടതി ഫയലിൽ ഉറങ്ങിയെന്ന് ചരിത്രം.
1914: അങ്ങനെ പ്രസിദ്ധമായ 'വിപ്ലവം' കടന്ന് വരുന്നു. കൽപേനി ദ്വീപിലെ റജബ് അരക്കലാ൪ എന്നയാൾ കടൽകടന്ന് ചെന്ന് മലബാ൪ കളക്ടറെ കണ്ട് കുപ്പായം ധരിക്കുന്നത് ഒരു മനുഷ്യന്റെ അവകാശമാണെന്ന വാദം ഉയ൪ത്തി. അന്നത്തെ മലബാ൪ കളക്ട൪ മേലാച്ചേരികൾക്ക് കടലിൽ മാത്രമല്ല കരയിലും ഇഷ്ടപ്പെടുന്ന സമയത്ത് കുപ്പായം ധരിക്കാനുള്ള അവകാശം നൽകി ഉത്തരവിട്ടു. തിരിച്ച് നാട്ടിൽ പോകും മുമ്പ് കോഴിക്കോട് വെച്ച് നല്ല കട്ടിയുള്ള തുണികൊണ്ട് കുപ്പായം തയിപ്പിച്ചു. കളക്ടറുടെ ഉത്തരവും കൊണ്ട് അന്നത്തെ കൽപേനി ആമീൻ കെ കെ ആറ്റകോയയെ സമീപിച്ചു. കളക്ടറുടെ ഉത്തരവ് അയാൾ മനസ്സില്ലാ മനസോടെ അംഗീകരിച്ചു. എന്നാൽ കുപ്പായത്തോടെ പള്ളിയിൽ പ്രവേശിച്ച റജബിനെ കോയമാ൪ കൂട്ടം ചേ൪ന്ന് ആക്രമിക്കുകയും കൈകൊണ്ട് കുപ്പായം കീരാൻ ശ്രമിക്കുകയും ചെയ്തു. പരാജയപ്പെട്ടപ്പോൾ കത്തി ഉപയോഗിച്ച് കുപ്പായം കീറിക്കളഞ്ഞു. മേലാച്ചേരിക്കാരുടെ പരാതി പക്ഷെ ഇപ്രാവശ്യം പുതുതായി വന്ന കളക്ട൪ അംഗീകരിച്ചില്ല. ദ്വീപിലെ നിലവിലെ രീതിയും കീഴ്വഴക്കവും അങ്ങനെ തന്നെ തുടരാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
1922: മേലാച്ചേരിക്കാ൪ പരോക്ഷമായി പ്രതിഷേധം അറയിക്കാൻ തുടങ്ങി. മഹത്തായ കുട, കുപ്പായ, പാട്ട് സമരം ആരംഭിച്ചു. കോയ വിഭാഗത്തിലെ വിമത൪ ഇതിനെ അനുകൂലിച്ചു. ഇപ്രാവശ്യവും കോയമാ൪ ആക്രമിച്ചു, നാശനഷ്ടങ്ങളുണ്ടാക്കി. ഇരകൾ പതിവ് പോലെ അന്നത്തെ മലബാ൪ കളക്ടറായ ആ൪ എച്ച് എല്ലീസിനോട് പരാതി ബോധിപ്പിച്ചു. പുതിയ കളക്ട൪ കോയമാരെ ശാസിക്കുകയും തന്ത്രപൂ൪വ്വം മേലാച്ചേരികൾക്ക് അ൪ഹമായ സ്ഥാനം നൽകുവാനും കൽപിച്ചു. അങ്ങനെ മേലാച്ചേരികൾ അനുകൂലമായ നിയമം ഉപയോഗിച്ച് സാമൂഹിക നിയമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിക്കുകയും കല്യാണത്തിന് "പുറപ്പാട്" വേളകളിൽ പാടാനും അനുഗമിക്കാനും തുടങ്ങി. കോയമാ൪ അപ്പീൽ കൊടുത്തതിൻറെ ഫലമായി കോടതി നാല് മേലാച്ചേരി നേതാക്കൾക്കെതിരെ 15 രുപ പിഴ ശിക്ഷ വിധിച്ചു പക്ഷെ കളക്ട൪ ശിക്ഷ റദ്ദ് ചെയ്യുകയും രണ്ട് പാട്ട് സംഘങ്ങൾ രൂപീകരിക്കാൻ ഉത്തരവിടുകയും ചെയ്തു. രണ്ട് കൂട്ടരെയും വിവാഹത്തിന് പുറപ്പാട് പരിപാടിക്ക് ക്ഷണിക്കപ്പെടാനും തുടങ്ങി. അങ്ങനെ കുപ്പായ സമരം അതവാ കുട സമരം അല്ലെങ്കിൽ പാട്ട് സമരം ലക്ഷദ്വീപിലെ ജാതീയക്കെതിരെയുള്ള ആദ്യ സമരമായി ചരിത്രത്തിൽ ഇടം നേടി. എങ്കിലും നൂറ്റാണ്ടുകളോളം രണ്ട് വിഭാഗങ്ങളും തമ്മിലുള്ള കണ്ട്കൂടായ്മ നിലനിന്നു. വിവാഹ ബന്ധങ്ങൾ പോലും തമ്മിലുണ്ടായില്ല. തങ്ങളുടെ കുട്ടികളെ മേലാച്ചേരിക്കാ൪ വിവാഹം കഴിക്കുന്നത് ഏറ്റവും അപമാനകരമായി അടുത്ത കാലത്ത് വരെ കരുതി പോന്നിരുന്നു.
1924: മേലാഇല്ലം സബാൻ തന്റെ കുട്ടിയുടെ സുന്നത്ത് കല്യാണത്തിന് സംഗീതം ഉപയോഗിക്കാനുള്ള അനുമതി കൽപേനി ആമീൻ നിഷേധിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കളക്ട൪ ദ്വീപിലേക്ക് മി. ഗോണ്‍ എന്ന ഒരു ഉദ്യോഗസ്ഥനെ അയച്ചു. മേലാച്ചേരികൾക്കെതിരെ കൂട്ടമായി വ്യാജ ആരോപണങ്ങൾ സമ൪പ്പിച്ചു. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട ഉദ്യോഗസ്ഥൻ 1922 ലെ കളക്ടറുടെ വിധി ഉദ്ധരിക്കുകയും ചെയ്തു.
മറ്റു സംഭവങ്ങൾ- മേലാച്ചേരിയായ മൂസാക്കാട അബ്ദുറഹ്മാൻ മഴയത്ത് കുട പിടിച്ചതിന് ആമീൻ പിഴ ചുമത്തി, കളക്ടറുടെ സഹായത്തോടെ പിഴ പിന്നീട് റദ്ദ് ചെയ്യിച്ചു.
1931: കോയമാരുടെ വീട്ടിലേക്ക് കല്യാണത്തിന് ക്ഷണിക്കപ്പെട്ട മുഹമ്മദ് എന്ന മേലാച്ചേരി മഴ കാരണം കുടപിടിച്ചതിന് മറ്റു അതിഥികൾ ആക്രമിക്കപ്പെടുകയും വീട്ടിൽ നിന്ന് അപമാനിച്ച് പുറത്താക്കുകയും ചെയ്തു. പരാതിപ്പെട്ടപ്പോൾ ക്ഷമ നശിച്ച കളക്ട൪ ശക്തമായ താക്കീത് കോയമാ൪ക്കെതിരെ പുറപ്പെടുവിച്ചു. അതോടെ മേലാച്ചേരികൾക്ക് ഉണ൪വുണ്ടാവുകയും പണം സമ്പാദിച്ച് ഓടിട്ട വീടുകൾ നി൪മ്മിക്കാനും ചെരുപ്പ്, കുട, കുപ്പായം കൂടുതൽ പേ൪ ധരിക്കാൻ തുടങ്ങുകയും ചെയ്തു. കൂടാതെ മരണപ്പെട്ട ജന്മിയായ കോയയുടെ ഭൂസ്വത്തിന്റെ ഒരുഭാഗം സ്വന്തമാക്കാനും സാധിച്ചെടുത്തു.
1934: അമിനി ദ്വീപിൽ കല്യാണത്തിന് പടക്കം ഉപയോഗിച്ചതിന് കോയമാ൪ മേലാച്ചേരികളെ മ൪ദ്ദിച്ചു. തുട൪ന്ന് രണ്ട് വിഭാഗത്തിലേയും നേതാക്കളെ അറസ്റ്റ ചെയ്തു. കോയമാ൪ തങ്ങളുടെ കിണറുകളിൽ നിന്നും വെള്ളം വിലക്കുകയും മേലാച്ചേരികളുടെ കിണറുകൾക്ക് നാശമുണ്ടാക്കുകയും ചെയ്തു. കളക്ട൪ ഇടപ്പെട്ട് പടക്കം ഉപയോഗിക്കുന്നത് നിരോധിച്ചെങ്കിലും മേലാച്ചേരികളുടെ ഉന്നമനത്തിനായ് രണ്ടംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു.
1949: കൽപേനി ദ്വീപിലെ 12 മേലാച്ചേരിക്കാ൪ പണം സ്വരൂപിച്ച് ഓടം സ്വന്തമാക്കുകയും ആമീൻ ഓഫീസിൽ രജിസറ്റ൪ ചെയ്യുകയും ചെയ്തു. പക്ഷെ രാത്രി കോയമാ൪ ഓടത്തിന് തുളയിടുകയും നാശം വരുത്തുകയും ചെയ്തു. കലി അടങ്ങാത്ത കോയമാ൪ മേലാച്ചേരികളുടെ തേങ്ങാ സംഭരണികളിൽ തീയിടുകയും ചെയ്തു. മേലാച്ചേരികൾക്ക് നേരേ കടുത്ത അക്രമം തുട൪ന്നപ്പോൾ ആമീൻ, മലബാ൪ കളക്ടറുടെ സഹായം തേടി. പോലീസ് അകമ്പടിയിൽ എത്തിയ കളക്ട൪ കോയമാ൪ക്ക് പിഴ ചുമത്തി കോയമാരെ വിട്ടു
വിവാഹം
വിവാഹം നടക്കുന്നത് വധുവിന്‍റെ വീട്ടിലാണ്.കല്ല്യാണ ദിവസം ഉച്ചയ്ക്ക് വധൂഗൃഹത്തിലായിരിക്കും പ്രധാന സദ്യ. വരന്‍റേയും വധുവിന്‍റേയും ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെ ഒത്ത് കൂടുന്നു.സദ്യക്ക് ശേഷം വരന്‍ സ്വ വസതിയിലേയ്ക്ക് മടങ്ങിപോവുന്നു.
രാത്രിയില്‍ നടക്കുന്ന അടുത്ത ചടങ്ങാണ് പുതിയാപ്ള വരവ്.വരനും സുഹൃത്തുകളുമടങ്ങുന്ന സംഘം രാത്രിയില്‍ ഭക്ഷണത്തിനായി വധുവിന്‍റെ വീട്ടിലെത്തും. പുതിയാപ്ള വരവിനും വധൂഗൃഹത്തില്‍ വിഭവസമൃദ്ധമായ സദ്യ വേണം. മൂന്നാം രാത്രിയാണ് അടുത്ത ചടങ്ങ്.വിവാഹം കഴിഞ്ഞതിന്‍റെ മൂന്നാംരാത്രിയില്‍ നടക്കുന്ന ഈ വിരുന്ന് സല്‍ക്കാരവും ചെലവേറിയതുതന്നെ.
വിവാഹത്തിന് ശേഷം .. ദിവസം വരന്‍ വധൂഗൃഹത്തില്‍ നിന്ന് സ്വന്തം വീട്ടിലേയ്ക്ക് പോവുന്നു.എന്നാല്‍ വരന്‍ പിന്നീട് സ്ഥിരതാമസമാക്കേണ്ടത് വധൂഗൃഹത്തിലാണ്. വരന്‍റെ വീട്ടില്‍ നിന്ന് അദ്ദേഹത്തെ വധൂഗൃഹത്തിലേയ്ക്ക് കൂട്ടികൊണ്ടുവരുന്നചടങ്ങാണ് പകല്‍ വിളി. പകല്‍ വിളി ദിനത്തില്‍ വരന്‍റെ വീട്ടുകാര്‍ വധുവിന്‍റെ വീട്ടുകാരെ സല്‍ക്കരിക്കണം. സല്‍ക്കാരം കഴിഞ്ഞ് വരന്‍ വധുവിന്‍റെ വീട്ടിലെത്തിയാല്‍ പിന്നീട് ജീവിത കാലം മുഴുവന്‍ വരന്‍ വധുവിന്‍റെ വീട്ടില്‍ താമസിക്കണം. ഒട്ടുമിക്ക വധൂവരന്‍മാരും ഒരേ ദ്വീപില്‍ താമസിക്കുന്നവരായിരിക്കും. ദ്വീപുകളിലെ നാട്ടുനടപ്പനുസരിച്ച് വേണമെങ്കില്‍ ഉച്ചഭക്ഷണത്തിനായി ഭര്‍ത്താവിന് സ്വന്തം വീട്ടില്‍ പോവാം. രാത്രിയുറക്കവും പ്രഭാത ഭക്ഷണവും നിര്‍മ്പന്ധമായും ഭാര്യവീട്ടിലായിരിക്കണം.
വിവാഹം ചെലവേറിയതാണ്. സദ്യയ്ക്കാവശ്യമായ ഇറച്ചിയും പച്ചക്കറികളുമെല്ലാം കപ്പല്‍ മാര്‍ഗ്ഗം കേരളത്തില്‍ നിന്നാണ് കൊണ്ടുവരുന്നത്.പ്രധാന സല്‍ക്കാരങ്ങള്‍ നടക്കുന്നത് വധൂഗൃഹത്തിലാണെങ്കിലും ചെലവിന്‍റെ വലിയ പങ്ക് വരന്‍റെ വീട്ടുകാര്‍ വധുവിന്‍റെ വീട്ടുകാര്‍ക്ക് നല്കണം.വധു ആഭരണങ്ങള്‍ അണിയാറുണ്ട്. എന്നാല്‍ വധുവിന് ആഭരണങ്ങള്‍ വാങ്ങിച്ചു നല്കേണ്ടത് വരന്‍റെ വീട്ടുകാരാണ്. അഞ്ച് ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം വരെ ചെലവ് വരുന്ന വിവാഹങ്ങള്‍ ലക്ഷദ്വീപില്‍ നടക്കാറുണ്ട്. എന്നാല്‍ വിവാഹചെലവിലെ മുക്കാല്‍ പങ്കിലേറെ വഹിക്കേണ്ടിവരുന്നത് വരനാണ്. വിവാഹം വധുവിന് ഒരു സാമ്പത്തിക ബാധ്യതയാവുന്നില്ല.
വിവാഹത്തില ജാതി ഒരു പ്രശനം ആകാറുണ്ട്.എല്ലാം ഒരേ ജാതി എങ്കിലും മേലാളനും കീഴാളനും ഉണ്ട്.ജാതിയിലേ ഭിന്നത മൂലം വിവാഹം നടക്കാത്ത കേസുകൾ വരെ ദ്വീപിൽ ഉണ്ടത്രേ.
വിവാഹമോചനവും നടക്കാറുണ്ട്.ദ്വീപിലെ മരുമക്കത്തായ സംവിധാനം സുരക്ഷ കൊടുക്കുന്നത് കൊണ്ടു മൊഴിചൊല്ലപ്പെട്ട സ്‌ത്രീയും കുട്ടികളും പൊതുവെ സുരക്ഷിതർ ആകുന്നു.വീട്ടിലെ മിതിർന്ന അംഗം ആണ് വീട്ടുകാര്യങ്ങൾ നോക്കി നടത്തേണ്ടത്. കാരണവർ എന്നാണ് സ്ഥാനപ്പേര്.വീട്ടിലെ എല്ലാ അംഗങ്ങളും അനുസരിക്കേണ്ടത് കാരണവരെ ആണ്.ഈ കാരണവരുടെ കീഴിലേകാണു വിവാഹ മോചിത ആയ സ്ത്രീ വരുന്നത്.കുട്ടികൾ ഉണ്ടെങ്കിൽ അവരും.എല്ലാ അംഗങ്ങളെയും സംരക്ഷിക്കേണ്ട ചുമതല ഉള്ള കാരണവർ അവരെ സ്വീകരിക്കുന്നു.ഇന്നും ഇന്ത്യയിൽ ഒരു യതീം ഖാന പോലും ഇല്ലാത്ത നാട് ലക്ഷദ്വീപ് മാത്രം ആണ്.കാരണം ഈ തായ്‌വഴി സുരക്ഷ തന്നെ.
ഇസ്ലാം വിശ്വാസികൾ ആയിരിക്കെ തന്നെ ഇന്ത്യയിൽ മറ്റെങ്ങും കാണാത്ത രീതികൾ ആണ് ദ്വീപിൽ തുടരുന്നത്.സ്ത്രീകൾക്ക് പള്ളികളിൽ നിസ്കരിക്കാൻ അനുവാദം ഉണ്ടു എന്നത് ഇസ്ലാം സ്‌ത്രീകൾക്ക് കൊടുക്കുന്ന തുല്യ അവകാശം ഉയർത്തിപ്പിടിക്കുന്നു.സ്വത്തവകാശം സ്ത്രീകളിൽ നിക്ഷിപ്തമാണ്.അമ്മയുടെ തറവാട് പേരു മക്കളുടെ പേരിനൊപ്പം ചേർക്കുന്നു.
📝Anandu Aman
Comments
Post a Comment